Friday, April 11, 2025
National

പുതിയ പാർലമെന്റ് മന്ദിരം: ഉദ്ഘാടനം ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. ബഹിഷ്ക്കരണ വിഷയത്തിൽ കോൺഗ്രസ് ഉടൻ തിരുമാനമെടുക്കും. രാഷ്ട്രപതി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധിക്കാനുള്ള കോൺഗ്രസ് തിരുമാനം.മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷമാകും നിലപാട് കൈകൊള്ളുക.

തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും എഎപിയും പരിപാടി ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ഇന്നുതന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്കരിക്കുക എന്നാണ് വിവരം.

അതേസമയം, ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് പാർലമെന്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കി. ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്കുപുറമേ പ്രമുഖർക്കും ക്ഷണമുണ്ട്. ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങ് ആണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്യുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ്. രാഷ്ട്രപതി ദൗപദി മുർമു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സർക്കാർ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *