അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ചന്ദന മോഷണം നടത്തിയ രണ്ടു പ്രതികൾ പിടിയിൽ
സുൽത്താൻ ബത്തേരി: അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ചന്ദന മോഷണം നടത്തിയ രണ്ടു പ്രതികളെ ഇന്നലെ രാത്രി ബീനാച്ചിക്കടുത്ത് വെച്ച് വാഹന പരിശോധനക്കിടെ ബത്തരി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടിൽ മുഹമ്മദ് റാഫി (40) തിരൂരങ്ങാടി വട്ടപ്പറമ്പിൽ കൊടുമ്പറ്റിൽ വീട്ടിൽ ഫായിസ് (23) എന്നിവരെയാണ് പ്രതികൾ സഞ്ചരിച്ച വാഹന സഹിതം ബത്തേരി പോലീസ് ഇൻസ്പെക്ടർ ജി. പുഷാപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടരുപടിയിൽ നിന്നും ചന്ദന മോഷണം നടത്തിയതും പ്രതികൾ തന്നെ എന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. . മുഹമ്മദ് റാഫി മലപ്പുറം, വയനാട് ജില്ലകളിലായിട്ട് ഒൻപതോളം മോഷണകേസിൽ പ്രതിയാണ്. മലപ്പുറം ജില്ലയിൽ ഫായിസിന് മൂന്നോളം കേസുകൾ നിലവിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും മരം മുറിക്കുന്ന വാളും കിട്ടിയിട്ടുണ്ട്. മോഷണത്തിനായി പോകുന്ന വഴിയാണ് പോലീസ് പിടിയിലായത്. വാഹനങ്ങൾ വാടക എടുത്താണ് പ്രതികൾ മോഷണത്തിന് പോകുന്നത്. വാഹന പരിശോധനക്കിടെ പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ. രാംജിത്ത് പി.ജി , സി.പി.ഒ മാരായ നൌഫൽ , കിഷോർ പീയുഷ് , സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത് . നടപടി – ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.