Monday, January 6, 2025
Kerala

ബ്ലാക്ക് ഫംഗസ്; കോട്ടയം, എറണാകുളം ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന നാലു പേർ മരിച്ചു

 

കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകഴളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരും 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്.

എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകൾ മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പലപ്പോഴും ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.

മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളിൽ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *