ബാവലി ചെക്ക് പോസ്റ്റിൽ 30 ലക്ഷത്തിന്റെ ലഹരി മരുന്ന് വേട്ട: 20,000 പായ്ക്കറ്റ് ഹാൻസ് പിടികൂടി
മാനന്തവാടി: വയനാട് എക്സൈസ് ഇൻ്റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് 20000 പാക്കറ്റ് ഹാൻസും കൂളും അടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലഹരി വസ്തുക്കൾ KL79 0768 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. ചെറുപുഴ സ്വദേശികളായ ഡ്രൈവർ ഷിഹാബ് (27) , സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. വിപണിയിൽ ഉദ്ദേശം 30 ലക്ഷം രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ. എം.കെ, പി.ജി.രാധാകൃഷ്ണൻ , പ്രിവൻ്റീവ് ഓഫീസർമാരായ കെ.ജെ. സന്തോഷ്, കെ.രമേഷ്, പി.എസ്. വിനീഷ്, സി.ഇ.ഒ മാരായ വിജേഷ് കുമാർ, ചന്ദ്രൻ , ഡ്രൈവർ ജോയി എന്നിവർ ചേർന്നാണ് പിടികൂടിയത്. തൊണ്ടിമുതലുകളും പ്രതികളേയും തിരുനെല്ലി പോലീസിന് കൈമാറി. കഴിഞ്ഞ ഒരാഴ്ചയായി വയനാട്ടിൽ ലഹരി മരുന്ന്, കഞ്ചാവ്, പുകയില ഉല്പന്ന വേട്ട തുടരുകയാണ്.