കെകെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി; ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമെന്ന് ഷാഫി പറമ്പിൽ
കോഴിക്കോട്: വാശിയേറിയ പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് പോരിന് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും ശമനമില്ല. ഇടത് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപവും തുടര്‍ന്നുള്ള വക്കീൽ നോട്ടീസുകളും കടന്ന് വിഷയം പൊലീസ് പരാതിയിലെത്തി. ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് കെകെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിൽ ഷാഫി പറമ്പിൽ ആരോപിക്കുന്നു.