ഭാവിയില്‍ കേരളം പിടിക്കും; മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി
ബിജെപി ഭാവിയില്‍ കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പറഞ്ഞു.
ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണ്. യുവാക്കളിലാണ് തന്റെ വിശ്വാസം. കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തുന്നുവെന്ന് യുവം വേദിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപിയും രാജ്യത്തെ യുവതലമുറയും ഒരേ ‘വേവ് ലെങ്താ’ണ്. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനമാണ് ബിജെപി സാധ്യമാക്കുന്നത്. യുവാക്കള്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കുന്നത് പുത്തന്‍ അവസരങ്ങളാണ്. വൃക്ഷത്തൈ നട്ടാണ് താന്‍ തുടങ്ങിയത്. അത് ഇച്ഛാശക്തിയുടെ പ്രതീകമായി വളരും. ഒരുമിച്ച് കേരളത്തിന്റെ ഭാവി രചിക്കാമെന്നും യുവാക്കളോട് മോദി പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി ലഭിക്കാനുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. അതിനായുള്ള നടപടികള്‍ വേഗത്തിലാക്കും. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകളുടെ ശ്രദ്ധ തൊഴില്‍ നല്‍കുന്നതില്‍ ഇല്ലെന്ന് മോദി വിമര്‍ശിച്ചു. വിവിധ മേഖലകളില്‍ ചെറുപ്പക്കാരെ നിയമിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന് തൊഴില്‍ നല്‍കുന്നതില്‍ ശ്രദ്ധയില്ലെന്ന് തുറന്നടിച്ച പ്രധാനമന്ത്രി സ്വര്‍ണക്കടത്തിനെ കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ ഒരു പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടരും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കുകയാണ്’ പ്രധാനമന്ത്രി വിമര്‍ശിച്ചു.