‘പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ….’; മലയാളത്തില്‍ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി യുവം വേദിയില്‍
ബിജെപിയുടെ യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പ്രസംഗമാരംഭിച്ചത് മലയാളത്തില്‍. ‘പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ….’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം തുടങ്ങിയത്. കേരളത്തില്‍ വരുമ്പോള്‍ തനിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമൃതകാലത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിശങ്കരനെയും ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണ്. ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും യുവാക്കളിലാണ് തന്റെ വിശ്വാസമെന്നും മോദി പറഞ്ഞു.
99 വയസുള്ള ഒരു യുവാവിനെ കേരളത്തില്‍ വന്നപ്പോള്‍ തനിക്ക് കാണാനായെന്ന് ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിനെ പറ്റി പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞത്. കളരിപ്പയറ്റ് ഗുരു എസ് ആര്‍ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ ഐസക് എന്നിവരുടെ പേരും പ്രസംഗത്തില്‍ ഉള്‍പ്പെട്ടു. പരമ്പരാഗത കൃഷിരംഗത്തെ ചെറുവയല്‍ രാമന്‍ അടക്കമുള്ളവരില്‍ നിന്ന് കേരളത്തിലെ യുവജനങ്ങള്‍ ഒരുപാട് പഠിക്കാനുണ്ടെന്നും നമ്പി നാരായണനില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന നിരവധി പേര്‍ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.