കേന്ദ്രസേനകളിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലും എഴുതാം; യുവം വേദിയില്‍ പ്രധാനമന്ത്രി
കേന്ദ്ര സേനകളിലേക്കുള്ള പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും എഴുതാന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും ഈ സര്‍ക്കാര്‍ പരിഗണന നല്‍കുന്നു. ഇനിമുതല്‍ കേന്ദ്ര സേനകളിലെ കോണ്‍സ്റ്റബിള്‍ പദവികളിലേക്കുള്ള പരീക്ഷകള്‍ ഇനി മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമല്ല, മലയാളത്തിലും എഴുതാമെന്ന് യുവം വേദിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 13 ഭാഷകളിലാണ് ഇത്തരത്തില്‍ പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്കും സേനകളിലേക്ക് ജോലിക്കായി വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജോലികള്‍ക്കായി തുറന്നിടുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി ലഭിക്കാനുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. അതിനായുള്ള നടപടികള്‍ വേഗത്തിലാക്കും. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകളുടെ ശ്രദ്ധ തൊഴില്‍ നല്‍കുന്നതില്‍ ഇല്ല. വിവിധ മേഖലകളില്‍ ചെറുപ്പക്കാരെ നിയമിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു.