മദ്യവില കുറഞ്ഞേക്കും, പ്രമുഖ ബ്രാൻഡുകൾക്ക് നൂറ് രൂപയുടെ വരെ കുറവുണ്ടായേക്കും
സംസ്ഥാനത്ത് മദ്യവില കുറയാൻ സാധ്യത. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.
ഒരു വർഷത്തിനിടെ സംസ്ഥാനത്ത് രണ്ട് തവണ മദ്യവില വർധിപ്പിച്ചിരുന്നു. കൊവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനായി മെയ് മാസത്തിൽ മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം വർധിപ്പിച്ചു. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയർത്തിയത്.
ജനപ്രിയ ബ്രാൻഡുകൾക്ക് നൂറുരൂപ വരെ ഉയർന്നിരുന്നു. പിന്നീട് ഫെബ്രുവരി ഒന്ന് മുതൽ മദ്യവില വീണ്ടും വർധിച്ചു. ഇതോടെ പ്രധാന ബ്രാൻഡുകൾക്ക് ഒരു വർഷത്തിനിടെ 150 മുതൽ 200 രൂപ വരെ ഉയർന്നു. എക്‌സൈസ് നികുതി കുറയ്ക്കുന്നതോടെ ബ്രാൻഡുകൾക്ക് നൂറ് രൂപയുടെ വരെ കുറവുണ്ടായേക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മദ്യവില കുറയ്ക്കുന്നത് ഗുണം ചെയ്യുമെന്നാണ് സർക്കാർ കരുതുന്നത്.