Tuesday, April 15, 2025
Kerala

പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന 14 വയസുകാരി ലോറി ഇടിച്ച് മരിച്ചു

പുതുക്കാട് ദേശീയപാതയിൽ പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനി ലോറി ഇടിച്ച് മരിച്ചു. സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ 14 വയസുള്ള ശിവാനിയാണ് മരിച്ചത്. റോഡിൽ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശിവാനി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി അങ്കമാലിയിൽ നിന്ന് പൊലീസ് പിടികൂടി.

ഒല്ലൂരിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കനും അല്പസമയം മുമ്പ് മരിച്ചു. അമ്മാടം പൂത്തറയ്ക്കൽ കരുതുക്കുളങ്ങര പെല്ലിശ്ശേരി ജോയ് (59) ആണ് മരിച്ചത്. വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്നാണ് ജോയ് വീണത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവമുണ്ടായത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയും ഒരാൾ മരിച്ചിരുന്നു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *