പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തെളിവെടുപ്പ് ഇന്ന്
വയനാട് ലക്കിടിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെ ലക്കിടി ഓറിയന്‍റൽ കോളജ് പരിസരത്താണെത്തിക്കുക. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദീപുവിന്‍റെ കൂടെയുണ്ടായിരുന്ന ബന്ധു ജിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപു പെൺകുട്ടിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്നതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ജിഷ്ണുവിന്‍റെ മൊഴി. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
ആക്രമണത്തിന് ഇരയായ പുൽപ്പള്ളി സ്വദേശിയായ വിദ്യാർഥിനി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ പെൺകുട്ടിയുടെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തും.