പ്രണയനൈരാശ്യം: വയനാട്ടില്‍ കോളജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു
വയനാട് ലക്കിടി ഓറിയന്റൽ കോളജിൽ വിദ്യാർഥിനിക്ക് കുത്തേറ്റു. രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് വൈകുന്നേരം നാലരയോടെ ലക്കിടി കോളജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. വയനാട് പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് കൃത്യത്തിന് പിന്നിൽ. ഇദ്ദേഹം പ്രവാസിയാണ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇന്നലെ ഇയാൾ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തുകയായിരുന്നു.
ബന്ധത്തിൽ താൽപര്യമില്ലെന്ന് കുട്ടി യുവാവിനെ അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മിൽ വാക്ക്തർക്കമുണ്ടായിരുന്നു. പൊലീസ് വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.