വിഷ്ണുപ്രിയയുടെ കൂട്ടുകാരനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടു; പ്രചോദനമായത് മലയാളത്തിലെ ‘സീരിയല്‍ കില്ലര്‍’ സിനിമ
കണ്ണൂർ:പാനൂരില്‍ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താന്‍ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാളുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.
പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയില്‍ പറയുന്നു. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാന്‍ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടിരുന്നു.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിര്‍മിച്ചതായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇത് നിര്‍മിച്ചത്. ഇരുവശവും മൂര്‍ച്ചയുള്ള കത്തിയായിരുന്നു ഉണ്ടാക്കിയത്. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാള സിനിമയായ അഞ്ചാം പാതിര കൊലപാതകത്തിന് പ്രചോദമായതായി പ്രതി മൊഴി നല്‍കിയതായാണ് വിവരം. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടാണ് ഇയാള്‍ ആയുധം നിര്‍മിച്ചതെന്നാണ് വിവരം.