യുജിസി മാനദണ്ഡ ലംഘനം: സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ
തിരുവനന്തപുരം : കെടിയു വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ അഞ്ച് വിസിമാരുടെ കാര്യത്തിൽ ഗവർണ്ണർ ഉടൻ തീരുമാനമെടുക്കാൻ സാധ്യത. സർക്കാറിനോടും വിസിമാരോടും വിശദീകരണം ചോദിക്കും.
കണ്ണൂർ, കേരള, എംജി, ഫിഷറീസ്, സംസ്കൃത വിസിമാരെ ഗവർണർ പുറത്താക്കുമോ? ഒന്നിലധികം പേരുള്ള പാനൽ ഇല്ലാതെ ഒറ്റപ്പേരിൽ നിയമിച്ച കെടിയു വിസിക്ക് സ്ഥാനം നഷ്ടമായ സുപ്രീം കോടതി വിധിക്ക് ശേഷമുള്ള പ്രധാന ചോദ്യമിതാണ്. യുജിസി മാനദണ്ഢം ലംഘിച്ച് നിയമിക്കപ്പെട്ട അഞ്ച് വിസിമാരെ അയോഗ്യരാക്കണമെന്ന പരാതി രാജ്ഭവന് മുന്നിലെത്തിക്കഴിഞ്ഞു. കെടിയു കേസിലെ സുപ്രീം കോടതി വിധി മുൻ നിയമനങ്ങളെയും ബാധിക്കുമോ? ഗവർണ്ണർക്ക് ഒരു വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നിയമിക്കപ്പെട്ട വിസിമാരെ മാറ്റാനാകുമോ? അങ്ങനെ സംശയങ്ങൾ പലതാണ്.
കെടിയു കേസിലെ കോടതി വിധി നിയമന രീതിയിൽ വ്യക്തത വരുത്തലാണെന്നാണ് ഒരഭിപ്രായം. പാനൽ നിർബന്ധമാണെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോൾ അല്ലാത്ത നിയമനങ്ങൾ അസാധുവാകുന്നത് സ്വാഭാവികമാണെന്നാണ് വാദം. പക്ഷെ മുൻകാലങ്ങളിലെ ഓരോ നിയമനങ്ങളും വ്യത്യസ്ത കേസുകളായി തന്നെ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. നിയമനം ഒരിക്കൽ അംഗീകരിച്ച ഗവർണ്ണർ എങ്ങനെ വിസിമാരെ പിൻവലിക്കുമെന്ന ചോദ്യവുമുണ്ട്. കെടിയു വിധിപകർപ്പ് ചേർത്ത് നൽകിയ പരാതിയിൽ ഉടൻ ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചേക്കും. വിസിമാരോടും വിശദീകരണം തേടാനാണ് സാധ്യത.