സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ: വ്യാപക നാശം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.
സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനമേർപ്പെടുത്തി.
പത്തനംതിട്ട മലയാലപ്പുഴയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്കും വെള്ളം കയറി. റാന്നിയിൽ ജല നിരപ്പ് ഉയരുകയാണ്.