ഷക്കീർ സുബാനെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി ഇന്നെടുക്കും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള ഷക്കീർ വിദേശത്താണ്. ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേസമയം, വിദേശത്തുള്ള ഷക്കീർ സുബാൻ പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.