Monday, January 6, 2025
Kerala

മല്ലു ട്രാവലറിനെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും

വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്‌ഹാനു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ ഹാജരാകാനാണ് എറണാകുളം സെൻട്രൽ പൊലീസ് നിർദേശം നൽകിയത്.

അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. ഒരാഴ്ച മുൻപാണ് സംഭവം. വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്‌ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലുള്ള ഷാക്കിർ, നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *