ശബരിമലയിലും ശ്രീരാമ സ്തംഭം;അയോധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ്
ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അയോദ്ധ്യ മുതൽ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുക.വനത്തിലേക്കുള്ള യാത്രയ്‌ക്കിടെ രാമൻ സന്ദർശിച്ച എല്ലാ സ്ഥലങ്ങളെയുമാകും തൂണുകൾ അടയാളപ്പെടുത്തുക.
അയോദ്ധ്യയിലെ മണിപർബത്തിലാകും ആദ്യ തൂൺ സ്ഥാപിക്കുക. രാമക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ 27-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ടുതന്നെ ശബരി ആശ്രമത്തിലും തൂൺ സ്ഥാപിക്കും.
തൂണുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻ ഇന്ത്യൻ റവന്യൂ ഓഫീസർ രാം അവതാർ ശർമ്മ പരിശോധിച്ചു.ഓരോ തൂണിലും വാൽമീകി രാമായണത്തിലെ ഈരടികൾ ഉണ്ടായിരിക്കും. തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകൾ സ്ഥാപിക്കും. നദിയുടെ തീരത്തുള്ള അനെഗുഡി എന്ന ചെറുപട്ടണം പുരാതനകാലത്ത് കിഷ്കിന്ധ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇവിടെ വച്ചാണ് രാമൻ ആദ്യമായി ഹനുമാനെയും സുഗ്രീവനെയും കാണുന്നത്. മറ്റൊന്ന് ധനുഷ്കോടിയിലെ രാമസേതുവിലും സ്ഥാപിക്കും. ഭാവിതലമുറയെ ശ്രീരാമന്റെ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിലമതിക്കാനാവാത്ത സംഭാവനയായിരിക്കും സ്തംഭങ്ങളെന്ന് ട്രസ്റ്റി ചമ്പത് റായ് പറഞ്ഞു.