Thursday, January 9, 2025
Kerala

മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല: കെ സുധാകരന്‍

തീരശോഷണം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരില്‍ നിന്നുള്ള ഔദാര്യത്തിനായല്ല മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. ജീവിക്കാനായുള്ള പോരാട്ടമാണ്. ജനകീയ പ്രക്ഷോഭത്തെ ആസുത്രിതമെന്ന് വരുത്തി തീര്‍ക്കാനുമുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഫലമായി ഭൂമിയും കിടപ്പാടവും നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ പുനരധിവാസം ഉറപ്പാക്കുന്ന 450 കോടിയുടെ പാക്കേജ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരശോഷണം ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ പരിഗണിച്ചും വിശദമായി പഠിച്ചും ശേഷമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയത്. എന്നാല്‍ അത് നടപ്പിലാക്കുന്നതില്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തി. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

കിടപ്പാടം, ജീവനോപാദികള്‍, മണ്ണെണ്ണവില വര്‍ധനവ്, മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ശാശ്വതപരിഹാരം കാണാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *