മോന്‍സൻ മാവുങ്കലിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ.സുധാകരന്‍
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി കൊടുക്കും. വ്യാജ ചികിത്സ നടത്തിയതിനും തന്റെ പേര് വലിച്ചിഴച്ചുവെന്നും ആരോപിച്ചാണ് മാനനഷ്ടത്തിന് കെ സുധാകരൻ പരാതി നൽകുന്നത്.
കഴിഞ്ഞ ദിവസം മോന്‍സനെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോന്‍സൻ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരന്‍ അഭിപ്രായപ്പെട്ടത്. മോൺസനെ കണ്ട് ചികിത്സ തേടി എന്നത് വാസ്തവമാണ്. ചികിത്സയ്ക്കായി 5 ദിവസമാണ് മോൺസനെ സന്ദർശിച്ചത്. എന്നാൽ അസുഖം ഭേദമായില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
താന്‍ മോൻസനുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും തന്നെ പേരിൽ കച്ചവടം ഉറപ്പിക്കാൻ മോൻസൻ ശ്രമിച്ചിട്ടുണ്ടാകാമെന്നുമാണ് സുധാകരന്‍ പറയുന്നത്. മോൻസനെതിരെ പരാതി നൽകിയവർ തന്നെ ഒരു തവണ പോലും വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കണ്ടിട്ടുണ്ട്. സര്‍ക്കാര്‍ മോന്‍സനെ സംരക്ഷിക്കുകയാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.
മോൻസൻ മാവുങ്കലിനെതിരായ തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരന്റെ സാന്നിദ്ധ്യത്തിലാണ് എന്ന് പരാതിക്കാർ ആരോപിച്ചിരുന്നു.