പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ തള്ളി; ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
ഏറെ വിവാദമായ ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ബില്ലിനെച്ചൊല്ലി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ ഏറ്റുമുട്ടിയിരുന്നു. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോകായുക്ത ഭേദഗതി ബില്ലിനെതിരെ തടസവാദങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ ഇതിനെത്തള്ളികൊണ്ട് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
എക്‌സിക്യൂട്ടിവിന് പരിശോധിക്കാന്‍ കഴിയുകയെന്ന വാദമാണ് പ്രതിപക്ഷം പ്രധാനമായും സഭയില്‍ ഉയര്‍ത്തിയത്. 1998-ല്‍ ലോകായുക്ത നിയമം കൊണ്ടുവരുമ്പോള്‍ ലോക്പാല്‍ പോലുള്ള മാതൃകകള്‍ ഇല്ലായിരുന്നുവെന്ന് നിയമമന്ത്രി പി രാജീവ് സഭയില്‍ വിശദീകരിച്ചു. ലോക്പാലിന് അനുസൃതമായ മാറ്റങ്ങള്‍ നിയമത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ തടസവാദങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സ്പീക്കര്‍ എം ബി രാജേഷും സഭയില്‍ വ്യക്തമാക്കിയത്. ലോക്പാല്‍ നിയമത്തിന് അനുസൃതമായ മാറ്റമാണ് വരുത്തുന്നത്. ഭരണാനുസൃതവും നിയമാനുസൃതവുമായ ബില്‍ ആണ് ഇത്. ഇത് മൂല നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നയപരമായ തീരുമാനമാണ്. ഓാര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും സ്പീക്കര്‍ സഭയില്‍ വിശദീകരിച്ചു.