കെട്ടിടനമ്പർ നൽകൽ; നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കരാർ ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരുടെയടക്കം യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിക്കുന്നതായി വിജിലൻസ് സ്ഥിരീകരിച്ചു.
പാനൂർ, തിരുവനന്തപുരം മുൻസിപ്പാലിറ്റികളിൽ അപേക്ഷകൾ പോലുമില്ലാതെ കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച് നൽകുന്നു. കൊച്ചി കോർപ്പറേഷന് കീഴിൽ കെട്ടിട നിർമാണ ചട്ടം കാറ്റിൽ പറത്തി നിരവധി കെട്ടിടങ്ങൾ നിർമാണം പൂർത്തിയാക്കി. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ പ്ലാൻ തിരുത്തി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒത്താശ ചെയ്തു. കണ്ണൂർ കോർപ്പറേഷനിൽ അനധികൃതമായി നികുതി കുറച്ച് നൽകി സർക്കാരിന് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. തുടർപരിശോധനകൾ നടത്തുമെന്നും സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് അറിയിച്ചു.
എല്ലാ കോർപറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ് പരിശോധന നടന്നത്. കെട്ടിട നമ്പർ തട്ടിപ്പ് അടക്കമാണ് പരിശോധിച്ചത്.
വ്യാജ കെട്ടിടനമ്പർ നൽകി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളിൽ വൻ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാൽ താത്ക്കാലിക ജീവനക്കാരിൽ അന്വേഷണം അവസാനിച്ചു. ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ചുള്ള തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടോയെന്നായിരുന്നു വിജിലൻസ് പരിശോധന.