പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 12 വർഷങ്ങൾക്കു ശേഷം തിരികെയെത്തി
പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷങ്ങൾക്കു ശേഷം തിരികെയെത്തി. കൊലക്കേസ് പ്രതിയായി ജീവപര്യന്തം തടവിലായിരുന്ന സഞ്ജയ് തേജ്‌നെ എന്നയാളാണ് ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം സ്വമേധയാ ജയിലിൽ തിരികെയെത്തിയത്. തൻ്റെ പെണ്മക്കളുടെ പഠനത്തിനു വേണ്ടിയാണ് ഇയാൾ ഇക്കാലമത്രയും ഒളിവിൽ കഴിഞ്ഞത്. രണ്ട് മക്കളും പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചതോടെ സഞ്ജയ് തേജ്‌നെ തിരികെയെത്തുകയായിരുന്നു.
2003ലാണ് അച്ഛനും രണ്ട് സഹോദരന്മാർക്കുമൊപ്പം ഇയാൾ അറസ്റ്റിലായത്. 2005ൽ ഇയാൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടർന്ന് രണ്ട് തവണ സഞ്ജയ് പരോളിലിറങ്ങി. ഇതിനിടെ ഇയാൾക്ക് രണ്ട് പെണ്മക്കൾ പിറന്നു. മക്കളുടെ ജനനത്തിനു പിന്നാലെ തന്നെ തടവുശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന് സഞ്ജയ് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി നിരസിച്ചു. തുടർന്നാണ് സഞ്ജയ് ഒളിവിൽ പോകാൻ തീരുമാനിച്ചത്. മൂന്നാം തവണ പരോളിലിറങ്ങിയ സഞ്ജയ് പിന്നീട് മടങ്ങിയെത്തിയില്ല. വിദഗ്ധമായി പൊലീസിനെ വെട്ടിച്ചുനടന്ന ഇയാൾ ഒരു പ്രിൻ്റിങ് പ്രസിൽ ജോലിക്ക് കയറി. പൊലീസിൻ്റെ ശ്രദ്ധയിൽ പെടാതെ മക്കളെയും ഭാര്യയെയും കാണാൻ ഇടക്കിടെ എത്തുമായിരുന്നു. ഇതിനിടെ പത്താം ക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ മക്കൾ ഉയർന്ന മാർക്കോടെ വിജയിച്ചു. ഒരാൾക്ക് 86 ശതമാനം മാർക്കും മറ്റൊരാൾക്ക് 83 ശതമാനം മാർക്കും ലഭിച്ചു. തുടർന്നാണ് സഞ്ജയ് ജയിലിലേക്ക്ക് മടങ്ങാൻ തീരുമാനിച്ചത്. ദീർഘകാലം ഒളിവിൽ കഴിഞ്ഞതിനാൽ ഇനി സഞ്ജയ്ക്ക് പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയിലധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, മക്കളുടെ തുടർപഠനത്തിനായി സഹായിക്കാമെന്ന് ചില സംഘടനകൾ വാഗ്ധാനം ചെയ്തിട്ടുണ്ട്.