Thursday, January 9, 2025
Kerala

സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധം, കരിദിനം പ്രഖ്യാപിച്ച് കോൺഗ്രസ്; സിപിഎമ്മിനെതിരെ സതീശനും ചെന്നിത്തലയും

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെ പി സി സി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന്‍റെ അറസ്റ്റിനെതിരെ രംഗത്തുവന്നു. സുധാകരന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു. സുധാകരന്‍റെ അറസ്റ്റ് സി പി എം നിർദ്ദേശപ്രകാരമെന്നും തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ 24 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വി ഡി സതീശന്‍റെ പ്രതികരണം

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു ഡി എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട. ദില്ലിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യും.

ചെന്നിത്തലയുടെ പ്രതികരണം

കെ സുധാകരനെ അറസ്റ്റ് ചെയ്തത് ഭരിക്കുന്ന പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ്. കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാൻ നോക്കണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്‍റെ ഭാഗമാണ് ഈ നാടകങ്ങൾ. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായ അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗ്ഗത്തിലാണ്. സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിൻന്‍റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും. ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ പൊലീസിന്‍റെ മുന്നിലുടെ വിലസുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പൊലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *