Tuesday, April 15, 2025
Kerala

‘ആത്മവിശ്വാസമുണ്ട്, എന്നെ ശിക്ഷിക്കാനുളള തെളിവൊന്നും പൊലീസിന്റെ കൈവശമില്ല’, അറസ്റ്റിന് പിന്നാലെ സുധാകരൻ

കൊച്ചി : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

”കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടും”. മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറു ചോദ്യം.

ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് 7 വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി, സുധാകരനെ ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *