ഹൈക്കോടതിയിൽ ഒന്നിച്ച് നീങ്ങി സതീശനും ചെന്നിത്തലയും; എഐ ക്യാമറക്ക് സ്റ്റേ വരുമോ? കരാർ റദ്ദാക്കണമെന്നും ആവശ്യം
കൊച്ചി: സംസ്ഥാനത്തെ പുതിയ ട്രാഫിക് പരിഷ്കരണമായ എ ഐ ക്യാമറുയുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാണ് ഇവർ ഹർജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്.
എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
എഐ ക്യാമറ പദ്ധതിക്കെതിരെ നേരത്തെ തന്നെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പദ്ധതിയിലെ നിറയെ അഴിമതിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുന്നോട്ടുവയ്ക്കുന്നത്. എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം 4 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 ക്യാമറകള്‍ക്ക് മുന്നിലും ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. എ ഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു ജൂൺ 5 ലെ പ്രതിപക്ഷ പ്രതിഷേധം.