Saturday, January 4, 2025
Kerala

കൊൽക്കത്തയിൽ നിന്ന് 73 പെട്ടി മീൻ ട്രെയിൻ വഴി കേരളത്തിൽ; പിടിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഉടക്കിട്ട് റെയിൽവേ

തൃശ്ശൂർ: സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനിൽക്കെ ട്രെയിനിൽ കൊൽക്കത്തിയിൽ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയിൽവെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മിൽ തർക്കം. കൊൽക്കത്തയിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീൻ കൊണ്ടുവന്നത്. തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പാഴ്സലുകൾ പരിശോധിക്കാനെത്തി. എന്നാൽ റെയിൽവെ അധികൃതർ ഈ നീക്കം തടഞ്ഞു.

ഖാലിദ് എന്ന സ്വകാര്യ വ്യക്തിയുടെ പേരിലെത്തിയ പാഴ്സലുകൾ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തിറക്കാതെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധിക്കാൻ കഴിയില്ല. അതിനാൽ തന്നെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറി റെയിൽവെ സ്റ്റേഷന് പുറത്തിട്ടിരിക്കുകയാണ്. തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ രേഖാ മോഹന്റെ നേതൃത്വത്തിലുള്ള സംഘം മീൻ പരിശോധിക്കാതെ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇവർ റെയിൽവേ സ്റ്റേഷന് പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആരുടെ പേരിലാണ് പാഴ്സലുകൾ എത്തിയതെന്ന് പറയാൻ റെയിൽവേ ഇതുവരെ തയ്യാറായിട്ടില്ല. വിവരങ്ങൾ കിട്ടിയാൽ മാത്രമേ ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടർ നടപടികളിലേക്ക് കടക്കാനാവൂ. റെയിൽവേയുടെ നിസ്സഹകരണമാണ് പരിശോധനയ്ക്ക് വിലങ്ങുതടിയായിരിക്കുന്നത്.

­

Leave a Reply

Your email address will not be published. Required fields are marked *