പണവും മദ്യവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കലാണ് അടൂർ പ്രകാശിൻ്റെ രീതി’; ആരോപണവുമായി ആറ്റിങ്ങൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. പണവും മദ്യവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കലാണ് എല്ലാക്കാലത്തും അടൂർ പ്രകാശിൻ്റെ രീതി. ഇക്കുറിയും ആറ്റിങ്ങലിൽ അത് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
പരാജയഭീതി പൂണ്ടാണ് കള്ളവോട്ടുൾപ്പെടെയുള്ള ആരോപണങ്ങൾ അടൂർ പ്രകാശ് ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ ആരോപണമാണിത്. അടൂർ പ്രകാശ് മുൻകൂർ ജാമ്യം എടുക്കുകയാണ്. ബിജെപിയെ കേരളത്തിലെ ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടില്ല.
വി മുരളീധരൻ കേരള വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല. വോട്ടിനു വേണ്ടിയാണ് മുരളീധരൻ തീരദേശ മേഖലക്ക് വാഗ്ദാനം നൽകുന്നത്. ഇത് സഭാ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. തീരദേശ മേഖലയിൽ ഉള്ളവർക്ക് സർക്കാരിനോട് ഉണ്ടായിരുന്ന വിരുദ്ധ വികാരം മാറിയിട്ടുണ്ട്. മുതലപ്പൊഴിയിൽ 11 ഇന നിർദേശം ഉടൻ നടപ്പാക്കും. വികസനത്തിന്റെ കാര്യത്തിൽ യുഡിഎഫും ബിജെപിയും ബിഗ് സീറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.