മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥി
മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തതിനാലാണ് ഇത്തരത്തിലൊരു കൗതുകകരമായ നടപടി ഉണ്ടാകുക. ഇവിടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രസിഡന്റാകാനുള്ള സാധ്യത തെളിയുകയായിരുന്നു.
ഏറനാണ് മണ്ഡലത്തിലാണ് ചാലിയാർ പഞ്ചായത്ത്. ഇവിടെ പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടിക വർഗ വിഭാഗത്തിന് നൽകുകയായിരുന്നു. പഞ്ചായത്ത് രൂപീകരിച്ച് 41 വർഷത്തിന് ശേഷമാണ് ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ താമസിക്കുന്ന ചാലിയാർ പഞ്ചായത്തിലെ അമരത്തേത്ത് ഇവർക്കിടയിൽ നിന്ന് തന്നെ ഒരാളെത്തുന്നത്. ഏറെ സന്തോഷത്തോടെയാണ് ആദിവാസി സമൂഹം ഇതിനെ നോക്കിക്കണ്ടത്.