ഡൽഹിയിലെ സ്കൂളിന് നേരെ ബോംബ് ഭീഷണി; സ്കൂൾ ഒഴിപ്പിച്ചതായി പൊലീസ്
ഡൽഹിയിൽ സ്കൂളിന് നേരെ വീണ്ടും ബോംബ് ഭീഷണി. സാദിഖ് നഗറിലെ ഇന്ത്യൻ സ്‌കൂളിലാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെയും കുട്ടികളെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും എഎസ് ചെക്ക് ടീമും ചേർന്ന് സമഗ്രമായ പരിശോധന നടത്തുകയാണെന്നും ഡിസിപി (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു.
രാവിലെയോടെയായിരുന്നു സ്‌കൂളിലെ ഇ-മെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടനെ എല്ലാം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ഇത് കണ്ടതോടെ അധികൃതർ ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് കുട്ടികളും രക്ഷിതാക്കളും തടിച്ചുകൂടുന്നതിൻ്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.