‘ആഴക്കടലിൽ നിന്ന് കയറാതെ ചെന്നിത്തല’; പുതിയ ആരോപണങ്ങളുമായി രംഗത്ത്, മത്സ്യനയത്തിൽ തിരുത്തൽ വരുത്തിയത് ഗൂഢാലോചന
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കണം. കമ്പനിയുമായി ഉണ്ടാക്കിയ ആദ്യത്തെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. കുത്തക കമ്പനിക്ക് കേരളത്തിന്റെ കടൽ കൊള്ളയടിക്കാൻ നയം തിരുത്തിയതടക്കം 2018 മുതൽ ഗൂഢാലോചന നടന്നുവരികയാണെന്ന് ചെന്നിത്തല പറഞ്ഞു
അസന്റിൽ വെച്ച് ഒപ്പിട്ട 500 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നൽകിയ നാല് ഏക്കർ സ്ഥലം തിരികെ വാങ്ങാനും നടപടിയായിട്ടില്ല. മത്സ്യനയത്തിൽ തിരുത്തലുകൾ വരുത്തിയതിൽ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല
ഇഎംസിസി പ്രതിനിധികൾ രണ്ട് തവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് തെളിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പറയുന്നത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശ കമ്പനിക്ക് മത്സ്യം കൊള്ളയടിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒത്താശയോടെ തയ്യാറാക്കിയത്.
പ്രതിപക്ഷം ഇപ്പോളിത് പുറത്തു കൊണ്ടുവന്നിരുന്നില്ലെങ്കിൽ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുമായിരുന്നു. കേരളാ തീരത്തെ മൂന്നോ നാലോ വർഷം കൊണ്ട് കൊള്ളയടിച്ചു കൊണ്ടുപോകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.