Thursday, January 9, 2025
Kerala

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ ഗൂഢാലോചന; ഓലപാമ്പ് കാട്ടി പേടിപ്പക്കരുതെന്ന് ചെന്നിത്തല

സോളാർ കേസ് സിബിഐക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യധാരണയെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ട. ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതരുത്.

ഇരകൾ നേരിട്ട് ആവശ്യപ്പെട്ട കേസുകളിൽ പോലും സിബിഐ അന്വേഷണത്തെ എതിർത്ത പിണറായിക്ക് ഇപ്പോൾ സിബിഐയോട് പ്രേമം എവിടെ നിന്ന് വന്നുവെന്നും ചെന്നിത്തല ചോദിച്ചു. അഞ്ച് വർഷക്കാലം അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താൻ സാധിക്കാതെ സോളാർ കേസ് വീണ്ടും പൊടി തട്ടിയെടുക്കുന്നത് രാഷ്ട്രീയ പ്രതികാരം തീർക്കാനുള്ള നടപടിയാണ്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി

രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ജനങ്ങളത് തിരിച്ചറിയും. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കണ്ട് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്ന ഈ തെറ്റായ മാർഗത്തിന് ജനം മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഏറ്റവും ഉന്നതരായ നേതാക്കൾക്കെതിരെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെയുമാണ് കേസുള്ളത്. കേരളാ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ സാധിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസ് ജനവിധി നിർണയിക്കുന്നതിലും നിർണായകമായേക്കും

പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളാണ് സിബിഐക്ക് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *