ലൈഫ് മിഷൻ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ചു; വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന് ചെന്നിത്തല
ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരായി ഉയർന്ന ആരോപണങ്ങളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരണമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനം. ലൈഫുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു
തന്റെ രാജിക്കത്ത് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. 20 കോടിയുടെ പദ്ധതിക്ക് ഒമ്പത് കോടി കമ്മീഷനടിച്ചിട്ടും മുഖ്യമന്ത്രി സത്യസന്ധമായ മറുപടി നൽകിയിട്ടില്ല. എന്തോ ചീഞ്ഞുനാറുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.