കതിരൂർ മനോജ് വധക്കേസ്: 15 പ്രതികൾക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്
കതിരൂർ മനോജ് വധക്കേസിൽ പതിനഞ്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട പ്രതികൾ അഞ്ച് വർഷമായി ജയിലിൽ കഴിയുകയായിരുന്നു
2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബറിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. പി ജയരാജൻ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. 2017ൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പി ജയരാജനെ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസിൽ യുഎപിഎ ചുമത്താൻ സിബിഐക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പി ജയരാജൻ അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.