Tuesday, January 7, 2025
Kerala

മോദിയെ സുഖിപ്പിച്ച് കെ.റെയില്‍ കേരളത്തില്‍ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നം; കെ സുധാകരൻ

കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടിടത്ത് വെള്ളം ചേര്‍ത്തത് ഗവര്‍ണറെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയത്. യാഥാര്‍ത്ഥ്യവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. പൊള്ളയായ അവകാശവാദങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അതേ നയപ്രഖ്യാപനം പേരിന് മാറ്റംവരുത്തി കോപ്പിയടിച്ച് ഇറക്കിയിരിക്കുകയാണ്.

പരിസ്ഥിതിക്കും മനുഷ്യനും ദോഷം വിതക്കുന്ന കെ. റെയിലിനെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് എതിര്‍ക്കും. കേന്ദ്ര സര്‍ക്കാരിനെ മണിയടിച്ചും മോദിയെ സുഖിപ്പിച്ചും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാ സ്വപ്നമാണ്. അതിനായി വാങ്ങിവെച്ച വെള്ളം ഇറക്കിവെയ്ക്കുന്നതാണ് നല്ലത്. നിത്യച്ചെലവിന് പോലും പണമില്ലാതെ വീണ്ടും കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ പടിവാതിക്കല്‍ കാത്ത് നില്‍ക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചു. ഗുണ്ടകളും പൊലീസ് ക്രിമിനലുകളും ചേര്‍ന്ന് പൊലീസ് സേനയെ അടക്കിവാണ് നാടും നഗരവും ഭരിക്കുമ്പോള്‍ അതിനെ മികച്ചതെന്ന് വിശേഷിപ്പിക്കാന്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനും അതിന് താളം തുള്ളുന്ന ഗവര്‍ണര്‍ക്കും മാത്രമെ കഴിയുയെന്നും സുധാകരന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *