Thursday, January 9, 2025
Kerala

പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്; മാധ്യമവിലക്ക് അംഗീകരിക്കാനാവില്ല; കെ സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവർണർ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് തളയ്ക്കാനാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ശ്രമിക്കുന്നത്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചതിലൂടെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒരേ മുഖമാണെന്ന് വ്യക്തമായി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് നടപടി ശക്തമായി എതിര്‍ക്കേണ്ടതാണ്. അസഹിഷ്ണുതയോടെയാണ് ഗവര്‍ണര്‍ പലപ്പോഴും മാധ്യമങ്ങളെ നേരിടുന്നത്. നേരത്തെയും ഗവര്‍ണര്‍ക്ക് താത്പര്യമില്ലാത്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ യശസ് ഉയര്‍ത്തപ്പെടുന്നത് നിഷ്പക്ഷ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണെന്നത് ഗവര്‍ണര്‍ വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *