‘ഭീകരതയ്‌ക്കെതിരായ നടപടി കോൺഗ്രസിനെ വേദനിപ്പിക്കുന്നു’: ബിജെപി
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന് മറുപടിയുമായി ബിജെപി. സൈന്യത്തെയും പൊതുജനങ്ങളെയും രാജ്യത്തെയും കോൺഗ്രസ് അപമാനിച്ചെന്നും ഭീകരതയ്‌ക്കെതിരായ നടപടി കോൺഗ്രസിനെ വേദനിപ്പിക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. 2019ൽ പാക്ക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് തെളിവില്ലെന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ചിരുന്നു.
സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് സൈന്യം നൽകിയിട്ടില്ലെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. ഇന്ത്യൻ പ്രതിരോധ സേനയുടെ വീര്യത്തെക്കുറിച്ച് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കുന്ന സേനയെ അവർ വിശ്വസിക്കുന്നില്ല. ജനശ്രദ്ധ പിടിച്ചുപറ്റാൻ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസ് പാർട്ടിയുടെ സ്വഭാവമാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിനെതിരെ സംസാരിച്ചാൽ രാജ്യം സഹിക്കില്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം ഇന്ത്യയുടെ ഐക്യം തകർക്കുകയാണ്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺഗ്രസിനുള്ള വിദ്വേഷം എല്ലാവർക്കും അറിയാം. വിദ്വേഷം ദിഗ്വിജയ് സിംഗിനെയും രാഹുൽ ഗാന്ധിയെയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം അന്ധരാക്കിയെന്നും ഭാട്ടിയ കുറ്റപ്പെടുത്തി.
ഇന്ത്യൻ പ്രതിരോധ സേനക അവരുടെ ധീരത പ്രകടിപ്പിക്കുമ്പോഴെല്ലാം, ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന ഒരു രാജ്യമാണ് അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. പക്ഷേ കോൺഗ്രസ് പാർട്ടി അവരുടെ വേദന അനുഭവിക്കുന്നത് നിർഭാഗ്യകരമാണ്. രാഹുൽ ഗാന്ധിയുടെ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും എന്ന അവകാശവാദങ്ങൾ പേരിനു വേണ്ടിയുള്ള പ്രവൃത്തിയാണ്, എന്നാൽ യഥാർത്ഥ ലക്ഷ്യം ഇന്ത്യയെ തകർക്കുക എന്നതാണ്. ദിഗ്വിജയ് സിംഗിന്റെ പ്രസ്താവനകൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.