Tuesday, April 15, 2025
National

പ്രതിപക്ഷ തർക്കം; രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ

രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി. മുംബൈ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം അറിയിച്ചതായി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഗവർണർ കോഷിയാരി അറിയിച്ചു.

‘സന്യാസിമാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും ധീരരായ പോരാളികളുടെയും നാട് – മഹാരാഷ്ട്ര പോലുള്ള മഹത്തായ ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആയി പ്രവർത്തിക്കാൻ കഴിഞ്ഞത് പരമമായ ബഹുമതിയായി കാണുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി മഹാരാഷ്ട്രയിലെ ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും ഒരിക്കലും മറക്കില്ല’- ഭഗത് സിങ് കോഷിയാരി പറഞ്ഞു.

‘മുംബൈ സന്ദർശന വേളയിൽ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാനുള്ള ആഗ്രഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇനിയുള്ള ജീവിതകാലം വായനയും എഴുത്തും മറ്റ് പ്രവർത്തനങ്ങളുമായി ചെലവഴിക്കണം എന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയിൽ നിന്ന് എന്നും സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഭഗത് സിംഗ് കോഷിയാരി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ഗവർണറായിരുന്ന സമയം ഭഗത് സിങ് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2019 നവംബറിൽ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും നടത്തിയ സത്യപ്രതിജ്ഞയ്ക്കിടെ ഗവർണർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക് ചോദ്യം ചെയ്യപ്പെട്ടു. ഉദ്ധവ് താക്കറെയുടെ സർക്കാരിനെ ഏകനാഥ് ഷിൻഡെ താഴെയിറക്കിയപ്പോഴും, പുതിയ സർക്കാർ രൂപീകരണത്തിന് വേഗമേറിയ ഗവർണറുടെ പങ്കിനെ എംവിഎ ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *