‘അവധി ദിവസങ്ങളാണ് വരുന്നത്, മാസ്കുകൾ മറക്കരുത്, ജാഗ്രത വേണം’: ഓർമ്മിപ്പിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാണ്. പക്ഷേ അന്തർദേശീയ ദേശീയ തലത്തിൽ കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണം. ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കൊവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. സംസ്ഥാനം ജാഗ്രതയോടെയാണ് മുൻപോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.