Saturday, April 12, 2025
Kerala

പുതിയ തരം വൈറസിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത വേണം: ആരോഗ്യമന്ത്രി

കണ്ണൂര്‍: ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അവരുടെ സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ലഭ്യമാവുന്ന മുറയ്ക്ക് മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാനാകൂ.

ജില്ലയിലെ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത കുതിച്ചു ചാട്ടമാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കൈവരിക്കാനായത്. ജില്ലാ-ജനറല്‍-താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടങ്ങളും നവീന ചികില്‍സാ സൗകര്യങ്ങളുമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പലിയടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. കെട്ടിടനിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും രണ്ടു മാസത്തിനകം അവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടന്നുവരുന്നതെന്നും അതില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായ്ക്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കുര്യാക്കോസ്, എംസിസി ഡയറക്ടര്‍ ഡോ. ബി സതീശന്‍, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, സൂപ്രണ്ടുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *