അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.
രോഗം പിടിപെടാൻ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുതെന്നും മന്ത്രി പറഞ്ഞു.