ജനവാസകേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാർ, ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നു’: വിഡി സതീശൻ
തിരുവനന്തപുരം : ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയും കാണിച്ച സർക്കാർ, ബഫർ സോണിൽ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
‘ജനങ്ങളെ ദ്രോഹിക്കുന്ന ഉത്തരവാണ് സർക്കാർ ഇറക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ ഭംഗിയായി ചെയ്ത കാര്യങ്ങൾ പിണറായി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. ദേശീയ ശരാശരിയേക്കാൾ വനം കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടുതൽ, വാസഭൂമിയുടെ കുറവ് ഇതൊക്കെയാണ് സുപ്രിം കോടതിയിൽ അറിയിക്കേണ്ടത്. എന്നാൽ ഇതൊന്നും സർക്കാർ ചെയ്യുന്നില്ല. സർക്കാരിന് എന്തു ചെയ്യണമെന്നറിയാതെയുള്ള ആശയക്കുഴപ്പമുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ ജയറാം രമേഷിനെ ഇടത് സർക്കാർ കുറ്റപെടുത്തുന്നത്’. ആദ്യ പിണറായി സർക്കാർ ചെയ്തു വച്ച ദുരന്തമാണിതെന്ന് കുറ്റപ്പെടുത്തിയ സതീശൻ, ഉറങ്ങിക്കിടന്ന സർക്കാരിനെ ഉണർത്താൻ പ്രതിപക്ഷത്തിനു സാധിച്ചുവെന്നും അവകാശപ്പെട്ടു.
ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകയുണ്ടായതായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേ സമയം, സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. 2021 ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിലാണ്. വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ്.