Sunday, January 5, 2025
Kerala

അതിവേഗപാതയിൽ അതിവേഗ നടപടി; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

 

അതിവേഗപാതയിൽ അതിവേഗ നടപടിയുമായി സർക്കാർ. അതിവേഗ റെയിൽപ്പാത പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കീഴിൽ 11 തഹസിൽദാർമാർ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

അതേസമയം പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ കെ റെയിൽ പദ്ധതി അനാവശ്യമാണ്. വൻതുക ചെലവിടുന്ന പദ്ധതികളോട് സർക്കാരിന് പ്രത്യേക താത്‌പര്യമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് കെ റെയിൽ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *