ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് സുപ്രിം കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രിംകോടതി കണ്ടെത്തിയത് സർക്കാരിന്റെ അനധികൃത നിയമനങ്ങൾക്കെല്ലാം തിരിച്ചടിയാവും. മറ്റ് സർവകലാശാലകൾക്കും ഈ വിധി ബാധകമാവും. കണ്ണൂർ വിസിക്കും ഇതേഗതി വരുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്ക് ഒരു പാനൽ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നൽകിയതെന്ന് കോടതിക്ക് ബോധ്യമായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സർക്കാർ വിസിയാക്കിയത്. ഗവർണറാണ് ശരിയെന്ന് എല്ലാവർക്കും ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂർണമായും തകർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററിൽ നിന്നാണ് വരുന്നത്. ഇത് ചോദ്യം ചെയ്യുന്നതാണ് ഗവർണർക്കെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. അഴിമതിയെ എതിർക്കുന്ന ഗവർണറെ അവഹേളിക്കുന്നത് തുടരാനാണ് സിപിഐഎമ്മിന്റെ തീരുമാനമെങ്കിൽ ജനങ്ങളെ അണി നിരത്തി പ്രതിരോധം തീർക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.