Saturday, October 19, 2024
Kerala

കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് ക്ലാസ് എടുക്കേണ്ട; ഗവർണർ

മന്ത്രിമാരെ കടന്നാക്രമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി ആരാണ്. സർവകലാശാല വി സി നിയമം വിഷയത്തിലും മന്ത്രിമാരുടെ പെൻഷൻ വിഷയത്തിലും ഗവർണർ വിമർശനം ഉന്നയിച്ചു.

ലോട്ടറിയും മദ്യവും തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗം എന്ന് പറയുന്നത്തിൽ ലജ്ജിക്കുന്നു. ലഹരി വിഷയത്തിൽ പഞ്ചാബിന് തൊട്ടു താഴെയാണ് കേരളം. സംസ്ഥാന സർക്കാരിന് യൂണിവേഴ്‌സിറ്റി വിഷയങ്ങളിൽ ഇടപെടാൻ യാതൊരു അധികാരവുമില്ല എന്ന് സുപ്രിം കോടതി വിധിയുണ്ട്. ഉത്തരവിന്റെ പകർപ്പ് മുന്നിൽ വച്ചുകൊണ്ട് അദ്ദേഹം വായിക്കുകയും ചെയ്‌തു.

യുപിയിൽ നിന്ന് വന്ന ഗവർണർക്ക് വിദ്യാഭ്യാസത്തെ പറ്റി എന്ത് അറിയാം എന്ന് ധനമന്ത്രി പരിഹസിച്ചതായി ഗവർണർ ചൂണ്ടിക്കാട്ടി. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കണ്ട. നിങ്ങൾ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാൻ ഇവിടെ വന്നതെന്നും മന്ത്രി പി രാജീവിനെതിരെ അദ്ദേഹം രംഗത്തെത്തി. കെ ടി ജലീലിന് എതിരെയും സജി ചെറിയനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

വി സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുജിസി ചട്ടങ്ങളുടെ ലംഘനമെന്ന് വ്യക്തമാക്കി ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലര്‍ നിയമനം സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. യുജിസി ചട്ടങ്ങൾ പാലിച്ചല്ല നിയമനം എന്ന ഹർജിക്കാരൻ ഡോ. ശ്രീജിത്ത് പി എസിന്‍റെ വാദങ്ങൾ അംഗീകരിച്ചായിരുന്നു കോടതി വിധി.

Leave a Reply

Your email address will not be published.