ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയക്ടര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നതായാണ് പരാതി ഉയർന്നത്. ഭാര്യയുടെ പ്രസവത്തിനായി അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും സ്ത്രീരോഗ വിദഗ്ദന് 2000 രൂപയും കൊടുക്കേണ്ടി വന്നുവെന്നായിരുന്നു തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി.
ഇക്കാര്യത്തെപ്പറ്റി ആശുപത്രിയിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ചാണ് ആരും പരാതിപ്പെടാത്തതെന്നും യുവാവ് പറയുന്നു.