Monday, January 6, 2025
Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പരമാവധി ആളുകളുടെ കയ്യിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങി സാമ്പത്തിക രംഗം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് പറഞ്ഞതിലൂടെ മുൻധനമന്ത്രി തോമസ് ഐസക്ക് ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണെന്ന് ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റിൽ പറഞ്ഞ കാര്യങ്ങളും വ്യത്യസ്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശങ്ങൾക്കാണ് ധനമന്ത്രി മറുപടി നൽകിയത്.

കരാറുകാരുടെ കുടിശ്ശിക തീർക്കുമ്പോൾ ജനങ്ങളിലേക്ക് വീണ്ടും പണമെത്തും. ഭക്ഷ്യക്കിറ്റ് ഉൾപ്പെടെ നൽകുന്നത് ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണ്. വാഹനങ്ങളുടെ നികുതി ഓഗസ്റ്റ് 31 വരെ സമയം നൽകും. ടേൺ ഓവർ നികുതി അടയ്ക്കാനുള്ള തിയതിയും നീട്ടി നൽകും.

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നതും പരമ്പരാഗത വ്യവസായങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതും സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *