Thursday, April 17, 2025
Kerala

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം; മുഖ്യമന്ത്രി

അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്.

അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

Read Also: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന അവാർഡ് നൽകാമായിരുന്നു, സർക്കാർ അവഗണിച്ചു; വിജി തമ്പി

മണിപ്പൂരിലെ പർവത-താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്.

സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *