പ്രസാർ ഭാരതിയെ സംഘപരിവാർ തൊഴുത്തിൽ കെട്ടാൻ നീക്കം, കേന്ദ്ര ശ്രമം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവക്കുന്നത്; മുഖ്യമന്ത്രി
ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ഹിന്ദുസ്താൻ സമാചാറിനെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക ജനറൽ സെക്രട്ടറിയും ആർഎസ്എസ് നേതാവുമായിരുന്ന ശിവ്റാം ശങ്കർ ആപ്തേ സ്ഥാപിച്ച ഹിന്ദുസ്താൻ സമാചാർ എക്കാലവും സംഘപരിവാറിനായി പ്രവർത്തിച്ച വാർത്താ ഏജൻസിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിലേറിയ കാലം മുതൽ പ്രസാർ ഭാരതിയെ ചൊൽപ്പടിയിൽ നിർത്താനുള്ള ശ്രമങ്ങളിലാണ് സംഘപരിവാർ. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സർക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവച്ച പ്രസാർ ഭാരതി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓർഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാർ ഭാരതിയുടെ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി 2020ൽ കേന്ദ്രം നിയമിച്ചത്.
രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസികളായ പിടി ഐയുടെയും യുഎൻഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാർ ഭാരതി ആർഎസ്എസ് വാർത്താ ഏജൻസിയുമായി കരാർ ഒപ്പിട്ടത് എന്നാണ് വാർത്ത. വാർത്താമാധ്യമങ്ങളെ കോർപ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദർശനെയും ആകാശവാണിയെയും പരിപൂർണമായും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതാണ്. വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്ന ഫാസിസ്റ്റ് ഇംഗിതത്തിന്റെ പ്രയോഗവൽക്കരണമാണിത്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിയുകയും പ്രതിഷേധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.