തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് മേൽക്കൈ
സംസ്ഥാനത്തെ തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും എൽ ഡി എഫ് വിജയിച്ചു. ഒൻപത് ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് നേട്ടം കൈവരിക്കാനായത്.
10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 2 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭ, 13 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കാസർകോഡ് ജില്ലയിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും എൽ ഡി എഫിനായിരുന്നു നേട്ടം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് 5 എൽഡിഎഫിനാണ്. മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് – പാറക്കടവ് ഡിവിഷൻ മുസ്ലീം ലീഗ് നിലനിർത്തി.
2007 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി ടി അയ്യപ്പൻ വിജയിച്ചു.തൃശൂർ ചേലക്കര കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ യുഡിഎഫിനാണ് മുൻതൂക്കം. കോട്ടയം കാണക്കാരി കുറുമുള്ളൂർ 13ആം വാർഡ് എൽഡിഎഫ് നിലനിർത്തി.
എൽഡിഎഫ് സിറ്റിംഗ് സീറ്റായ ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം ആലുവ നഗരസഭയിലെ 22-ാം വാർഡിലും യുഡിഎഫ് വിജയിച്ചു. എന്നാൽ ആലപ്പുഴയിൽ സമ്പൂർണ വിജയം എൽഡിഎഫിനായിരുന്നു. എൽ ഡി എഫ് 10 ഉം യുഡിഎഫ് 9 ഉം വാർഡുകൾ സ്വന്തമാക്കിയപ്പോൾ ബി.ജെ.പി ജയിച്ചത് ഒരിടത്ത് മാത്രമാണ്. കൊല്ലം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാർഡിലായിരുന്നു ജയം. ബിജെപി സ്ഥാനാർഥി ജെ. ശ്രീജിത്ത് 22 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.